ആദ്യം തന്നെ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെയധികം പ്രതിസന്ധികളുണ്ടായിട്ടും അവയെല്ലാം ധീരതയോടെ നേരിട്ട സന്തോഷിന് ലഭിച്ച ഏകലവ്യന്‍ അവാര്‍ഡ് സന്തോഷിന് കൂടുതല്‍ പ്രചോദനം നല്‍കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.
വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുന്ന വ്യക്തിയാണ് ഞാന്‍ , ഇവിടുത്തെ മലയാള മാധ്യമങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒരു സജീവ പ്രവര്‍ത്തകനും അതുപോലെ കൈരളി ടി.വി.യുടെ ന്യൂജേഴ്‌സി ബ്യൂറോ ചീഫും കൂടിയാണ്.
മാധ്യമരംഗത്ത് ഇത്രയൊക്കെ സജീവമാണെങ്കിലും ഞാന്‍ നിര്‍മ്മിച്ച ഒരു ടി.വി. സീരിയല്‍ എനിക്ക് telecast സാധിച്ചിട്ടില്ല. പല സാങ്കേതിക തടസ്സങ്ങളും ഉന്നയിച്ചുകൊണ്ട് ഇവിടുത്തെ പല മലയാളെ ചാനലുകളും ആ സീരിയല്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായില്ല, അവസരം കിട്ടുമ്പോള്‍ നാട്ടിലെ ഏതെങ്കിലും ചാനലില്‍ ആ സീരിയല്‍ പ്രദര്‍ശിപ്പിക്കാം എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍ .
എന്റെ ഈ അനുഭവമാണ് സന്തോഷ് പണ്ഡിറ്റിന് പിന്തുണ നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്. മലയാള സിനിമാ ലോകം വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഒരു സിനിമാ നിര്‍മ്മിക്കുവാനും അതിന്റെ ഒട്ടുമുക്കാല്‍ ജോലികളും ഒറ്റയ്ക്കു തന്നെ നിര്‍വ്വഹിക്കുവാനും സന്തോഷ് മുന്നോട്ടു വന്നത്. പതിനെട്ടു ജോലികള്‍ ഈ സിനിമയ്ക്കുവേണ്ടി ചെയ്തു എന്ന് സന്തോഷ് വിശദീകരിക്കുമ്പോള്‍ അത് കള്ളമാണെന്ന് ഇന്നു വരെ ആരു അവകാശപ്പെട്ടിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ സിനിമയ്ക്ക് കലാമൂല്യമില്ല, നായകനായി അഭിനയിക്കുവാനുള്ള സൗന്ദര്യം അദ്ദേഹത്തിനില്ല, ഇനി ഒരിക്കലും അദ്ദേഹം സിനിമ നിര്‍മ്മിക്കുകയോ അഭിനയിക്കുകയോ ചെയ്യരുത് എന്നുള്ള ബാലിശമായ കമന്റുകളുമായാണ് വിമര്‍ശകര്‍ മുന്നോട്ടു വന്നത്.
ഈ കമന്റുകള്‍ക്കെല്ലാം സന്തോഷ് മറുപടി പറയുന്നുണ്ട്. വിമര്‍ശകരുടെ ഓരോ ന്യായവാദങ്ങളെയും അദ്ദേഹം യുക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്. സിനിമ എന്ന കല ആരുടെയും കുത്തകയല്ലെന്നും തന്റെ സിനിമ കാണുവാന്‍ ആളുകള്‍ ഉണ്ടാകുന്നിടത്തോളം കാലം താന്‍ സിനിമ നിര്‍മ്മിക്കുമെന്നും അഭിനയിക്കുമെന്നും സിനിമാ മേഖലയിലെ മറ്റു ജോലികള്‍ ചെയ്യുമെന്നും സന്തോഷ് പ്രഖ്യാപിച്ചു.
സന്തോഷ് പറയുന്ന ഈ ന്യായവാദങ്ങളെ ഞാന്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. അത് ഓരോ വ്യക്തിയുടെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. അതിന് തടയിടാന്‍ ആര്‍ക്കും അവകാശമില്ല. സന്തോഷിന്റെ സിനിമാ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം തീയേറ്ററില്‍ വന്നാല്‍ മതി. സന്തോഷ് ആരെയും നിര്‍ബ്ബന്ധിക്കുന്നില്ലല്ലോ, പിന്നെ യൂറ്റിയൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുവാനും തന്റെ സിനിമയ്ക്ക് ആവശ്യമായ പരസ്യങ്ങള്‍ നല്‍കുവാനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അത് പറ്റില്ലെന്ന് പറയുവാന്‍ മറ്റുള്ളവര്‍ക്കെന്തധികാരം?
അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാള്‍ സന്തോഷ് പണ്ഡിറ്റാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ ഏതെങ്കിലും തീയേറ്ററില്‍ ഓടുകയാണെങ്കില്‍ തീര്‍ച്ചയായും ആ സിനിമ കാണുവാന്‍ കുടുംബസമേതം തന്നെ ഞാന്‍ തീയേറ്ററില്‍ പോകും. അത് തുറന്നു പറയുവാന്‍ എനിയ്ക്ക് യാതൊരു ലജ്ജയുമില്ല.
സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചും മാലോകര്‍ക്കുള്ള അഭിപ്രായം കറങ്ങിത്തിരിഞ്ഞുവരുന്നുവെന്ന് പുതിയ ചില വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചു. തിരുവനന്തപുരത്തെ ഏകലവ്യ ചാരിറ്റബിള്‍ പ്രസ്സ് നല്‍കിയ “ഏകലവ്യ അവാര്‍ഡ്” അതിനൊരുദാഹരണമാണ്. സന്തോഷ് പണ്ഡിറ്റിന്റെ "ചങ്കൂറ്റത്തി"നാണ് ആ അവാര്‍ഡ് നല്‍കിയതെന്ന് സംഘടനയുടെ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
അതിനുശേഷം ഇപ്പോള്‍ കൊല്ലത്ത് സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ ഒരു 'ഫാന്‍ അസോസിയേഷന്‍" കൂടി നിലവില്‍ വന്നു. സന്തോഷിന്റെ സിനിമ കൊല്ലത്തെ തീയേറ്ററുകളില്‍ ഇതുവരെ പ്രദര്‍ശനത്തിന് എത്താത്തതില്‍ തങ്ങള്‍ക്ക് പ്രയാസമുണ്ടെന്നും എത്രയും പെട്ടെന്ന് കൊല്ലത്തെ തീയേറററുകളില്‍ "കൃഷണനും രാധറയും" പ്രദര്‍ശനത്തിന് എത്താന്‍ സാധിക്കട്ടെയെന്നും ഫാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അങ്ങനെ അവസാനം സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുവാനും പിന്തുണ നല്‍കുവാനും ലോകം തയ്യാറാകുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അമേരിക്കന്‍ മലയാള മാധ്യമങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ ഗൗരവമായി കാണണമെന്ന് ഞാന്‍ താല്പര്യപ്പെടുന്നു.
ഇവിടുത്തെ മലയാളി ടി.വി.ചാനലുകള്‍ക്ക് ഈ സമയത്ത് ടെലികാസ്റ്റ് ചെയ്യാവുന്ന ഒരു വിഷയമായി "സന്തോഷ് പണ്ഡിറ്റും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും" ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
എന്തായാലും സന്തോഷ് പണ്ഡിറ്റിനെ തേടി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ എത്താന്‍ അധികം താമസമില്ല, അതിനുമുമ്പുതന്നെ, നമ്മള്‍ മലയാളികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതാവും ബുദ്ധി. ഈ കാര്യം മനസ്സിലാക്കിയ ഒരു മലയാളി വ്യവസായ പ്രമുഖന്‍ സന്തോഷ് പണ്ഡിറ്റിനെക്കൊണ്ട് ഒരു സിനിമ നിര്‍മ്മിക്കുവാന്‍ താന്‍ ആലോചിക്കുന്നതായി ഈ ലേഖകനോടു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം. സന്തോഷ് പണ്ഡിറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
No comments:
Post a Comment