മൊയ്‌തീന്‍ പുത്തന്‍ചിറ
ഒക്ടോബര്‍ 19-ന് വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സില്‍ പെന്‍സില്‍വാനിയ, ന്യൂജെഴ്‌സി എന്നിവിടങ്ങളില്‍ നിന്നും ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്റ് ഭാഗങ്ങളില്‍ നിന്നും ഏകദേശം 64 പേര്‍ പങ്കെടുത്തു. സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കള്‍ ഉള്‍പ്പെട്ട കോണ്‍ഫറന്‍സില്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ ഒരു കാര്യം മാത്രം. `ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ നിന്നും പ്രവാസികള്‍ നേരിടുന്ന അവഗണനകള്‍ക്കും അഴിമതികള്‍ക്കും അറുതി വരണം'.
ഡോ. ജോര്‍ജ്ജ് ജേക്കബ് (ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍), ജയ്‌സണ്‍ അലക്‌സ് (ട്രസ്റ്റീ ബോര്‍ഡ്?ചെയര്‍മാന്‍, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി), ജോര്‍ജ്ജ് കോശി (മുന്‍ ഫൊക്കാന പ്രസിഡന്റ്), ഷാജി എഡ്വേര്‍ഡ് (ഫോമ ട്രഷറര്‍), ദേവസ്സി പാലാട്ടി (പ്രസിഡന്റ്, കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍, ന}ജെഴ്‌സി), പോള്‍ സി. മത്തായി (പ്രസിഡന്റ്, സൗത്ത് ജെഴ്‌സി മലയാളി അസ്സോസിയേഷന്‍), സെബാസ്റ്റ്യന്‍ ജോസഫ് (പ്രസിഡന്റ്, കേരള സമാജം ഓഫ് നോര്‍ത്ത് ജെഴ്‌സി), ജോര്‍ജ്ജ് എം. മാത്യു (പ്രസിഡന്റ്, മലയാളി അസ്സോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ), റജി വര്‍ഗീസ് (പ്രസിഡന്റ്, സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍), ഉമ്മന്‍ എബ്രഹാം, (പ്രസിഡന്റ്, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ്), ജോര്‍ജ്ജ് മാത്യു (പ്രസിഡന്റ്, കല), സജി പോള്‍ (കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി) എന്നിവരെക്കൂടാതെ, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ അറിയപ്പെടുന്ന നേതാവും ഫൊക്കാന സ്ഥാപക നേതാവുമായ ടി.എസ്. ചാക്കോയും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഐപാകിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ ജനകീയ മുന്നേറ്റം നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അലക്‌സ് കോശി വിളനിലം, ജോണ്‍ സി. വര്‍ഗീസ് (സലിം), അനിയന്‍ ജോര്‍ജ്ജ്, മൊയ്‌തീന്‍ പുത്തന്‍ചിറ, സാം ഉമ്മന്‍, ജിബി തോമസ് എന്നിവര്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ലഘു വിവരണം നല്‍കി. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 64 പേരും ഏകാഭിപ്രായക്കാരായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഈ പ്രസ്ഥാനത്തിന്റെ ആവശ്യകതയെ വിളിച്ചോതുന്നു. തുടക്കത്തില്‍ ആവേശമുണര്‍ത്തിയ ഈ പ്രസ്ഥാനം പിളരുമോ എന്ന സംശയമായിരുന്നു ചിലര്‍ക്ക്. ഇതൊരു സംഘടനയല്ല, മറിച്ച് ഒരു ജനകീയ മുന്നേറ്റമാണെന്ന് ജോണ്‍ സി. വര്‍ഗീസ് ആവര്‍ത്തിച്ചു വ്യക്തമാക്കുകയും, അതിന്റെ മകുടോദാഹരണമാണ് ഭൂരിഭാഗം മലയാളി അസ്സോസിയേഷനുകളും ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ മുതലായ ദേശീയ സംഘടനകളും കൈകോര്‍ത്തുകൊണ്ട് ഒരു കുടക്കീഴില്‍ അണിനിരന്നതെന്ന അനിയന്‍ ജോര്‍ജ്ജിന്റേയും അലക്‌സ് കോശി വിളനിലത്തിന്റേയും പ്രസ്‌താവനകള്‍ എല്ലാവരും അംഗീകരി ച്ചതോടെ ആ സംശയവും ദൂരീകരിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍നിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ പലരും ഐപാകുമായി പങ്കുവെച്ചു. ഐപാകിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും രേഖപ്പെടുത്താവുന്നതാണെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം കമ്മിറ്റിയുടെ ജിബി തോമസ് പറഞ്ഞു. ഇ-മെയില്‍ വഴി പരാതികളും അഭിപ്രായങ്ങളും ഐപാകിനെ അറിയിക്കാനുള്ള സംവിധാനത്തെക്കുറിച്ച് സാം ഉമ്മന്‍ വിശദീകരിച്ചു.
ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്‌പര്യമുള്ളവര്‍ സന്ദര്‍ശിക്കുക: www.pravasiaction.com